Wednesday, May 15, 2013

ഒരു കല്യാണ നിശ്ചയവും പാലുകാച്ചലും - A Engagement and House warming - Part -2

ഒരു കല്യാണ നിശ്ചയവും പാലുകാച്ചലും - A Engagement and House warmingഒരു കല്യാണ നിശ്ചയവും പാലുകാച്ചലും - A Engagement and House warming - Part -1 - Part -2

=====================================================================                          

                                            അങ്ങനെ അമ്മാവന്‍റെ വീട്ടില്‍ എത്തി. ബൈക്കില്‍ നിന്നും കാല്‍ താഴെ വെച്ചപ്പോലെ കൊച്ചപ്പന്‍ മുകളിലെ വീട്ടില്‍ നിന്നും വിളി തുടങ്ങി. ഇവിടെ വാടാ ഇങ്ങോട്ട് വാടാ. അമ്മിണി അമ്മയും അമ്മച്ചിയും എല്ലാം അവിടെ നില്‍പ്പുണ്ടാരുന്നു. ഞാന്‍ ഇപ്പം വരാം എന്ന് പറഞ്ഞു മുകളിലേക്ക് നടന്നു. പഴയ തറവാട് ആണ്. ഒരു 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകും. എന്നാലും ഇപ്പോളും ഒരു കുഴപ്പവും ഇല്ല. എന്‍റെ അപ്പുപ്പന്‍റെ അച്ഛന്റെ കാലത്ത് പണികഴിപ്പിച്ച വീടാണ്. ഇപ്പോളും ഒരു ചുടും ഇല്ല അവിടെ കിടന്നു ഉറങ്ങാന്‍. എന്ത് സുഖം ആണെന്നോ. ഞാന്‍ വാതുക്കല്‍ ചെന്ന് നിന്നപ്പോള്‍ കൊച്ചപ്പനും അമ്മാവനും വെളിയില്‍ ഇറങ്ങി വന്നു. അവര്‍ നല്ല ഫോമില്‍ ആണെന്ന് തോന്നണു. നീ രാവിലെ വരാം എന്ന് പറഞ്ഞിട്ട്. കൊച്ചപ്പന്‍ പരിഭവം കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു. ഞാന്‍ ഒന്ന് ചിരിച്ചു. എന്തേലും പറഞ്ഞാല്‍ അല്ലെ ഒള്ളു കുഴപ്പം. നീ വാടാ കയറി ഇരിക്ക്. അമ്മ ഇറങ്ങിവന്നു സ്നേഹത്തോടെ വിളിച്ചു. അമ്മക്ക് ഇപ്പോള്‍ ഒരു 70 വയസ് കാണുമായിരിക്കും. ആദ്യ ഭാര്യ മരിച്ചപ്പോള്‍ അവരുടെ അനിയത്തിയെ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ്. ആര്‍ക്കും അത്ര ഇഷ്ടം അല്ല അമ്മയെ. 

                                സംസാരം അത്ര ശെരിയല്ല എന്ന് കൂട്ടിക്കോ. എന്നാലും എന്നോട് ഇതുവരേം ഒന്നും പറഞ്ഞിട്ടില്ല. പാവം ആണെന്നാ എനിക്ക് തോന്നുന്നത്. മോനെ കാപ്പി എടുക്കട്ടെ. കട്ടന്‍ കാപ്പി മതി അമ്മെ. ഇടക്ക് കൊച്ചപ്പനും അമ്മാവനും അകത്തു പോയി വരുന്നു. അവിടെ എന്തോ ഉണ്ട്. ഇന്ന് അതിന്‍റെ അടിമട്ടു കണ്ടേ രണ്ടും അടങ്ങു. ഡാ നീ ഇപ്പോള്‍ എന്ത് ചെയ്യുവാ. ജോലി വല്ലോം ആയോ. ഞാന്‍ ഇപ്പോള്‍ കൊച്ചിയിലാ കൊച്ചപ്പാ. ഇങ്ങനെ ഒക്കെ പോകുന്നു. എന്നാലും ഒരു ബൈക്ക് എടുക്കണം എന്ന എന്‍റെ ആഗ്രഹം മാത്രം നടക്കുന്നില്ല കൊച്ചപ്പാ. ഞാന്‍ ചെറിയ വിഷമത്തോടെ പറഞ്ഞു. ആരോ ബൈക്കില്‍ വരുന്നു. എവിടെയോ കണ്ട പരിചയം ഉണ്ട്. എന്നാലും മനസിലാകുനില്ല അങ്ങോട്ട്‌. ആ ഇത് നമ്മുടെ പ്രവീണ്‍ തന്നെ. ചെറുക്കന് താടി ഒക്കെ വളര്‍ന്നു, കണ്ടാല്‍ ഇപ്പം ആളെ മനസിലാകുന്നേ ഇല്ല. അവന്‍ ഇരട്ട ആണ്. പ്രിയങ്ക അവന്‍റെ സഹോദരി. പിന്നേം രണ്ടു ചേച്ചിമാര്‍ ഉണ്ട്. രണ്ടു പേരും കല്യാണം കഴിച്ചു. അങ്ങനെ ഉള്ള ചെറിയ ഫാമിലി ആണ് അവന്‍റെ. ഡാ നീ ഇപ്പം എന്നാ പണി. ഞാന്‍ വെല്ടിങ്ങിനു പോകുവ ചേട്ടാ. കൊള്ളമാല്ലോട. എത്ര രൂപ കിട്ടും. അഞ്ഞൂറും ചിലവും ഉണ്ട്. ഡാ അത്രേം ഉണ്ടോ? എന്നാല്‍ ആ ജോലി കളയരുത്. ഹഹ അതുകൊണ്ട് തന്നെ അല്ലെ ഞാന്‍ കളയാത്തത്. എത്ര നാള്‍ ആയി കണ്ടിട്ട് അല്ലെ. പണ്ട് ചെറിയനാട്ടു അമ്പലത്തില്‍ പ്രിയ ചേച്ചിയുടെ കല്യാണത്തിന് കൂടിയതാ അവസാനം അല്ലേടാ. ശെരിയാ. അപ്പോളേക്കും അമ്മ കാപ്പിയും കടിയും കൊണ്ടുവന്നു. കൊണ്ടുവന്നത് ഒന്നും ബാക്കി വെച്ചില്ല. നല്ല വിശപ്പ്‌ ഉണ്ടാരുന്നു. ചേട്ടാ ഞാന്‍ ഇറങ്ങുന്നു. 

                                    നാളെ കൊച്ചിയില്‍ ഒരു പരുപാടി ഉണ്ട്. അപ്പോളാ ഒരു എസ്സ് എം എസ്സ് വന്നത്. എന്നെ വേണ്ടല്ലോ എന്ന്. ലെച്ചു ആയിരുന്നു. അല്പം മുന്‍പേ അവള്‍ വിളിച്ചിരുന്നു. ഞാന്‍ തിരക്കിലാ എന്ന് പറഞ്ഞതിനു ആയിരുന്നു ഈ മറുപടി. എല്ലാ പെണ്കുട്ടികളും ഇങ്ങനെ ആണോ ആവോ!! പോകാതെ പറ്റില്ല. ശെരി അപ്പോള്‍ വീണ്ടും സന്തിക്കും വരെ വണക്കം എന്ന് പ്രവീണ്‍ പറഞ്ഞപ്പോള്‍ ആണു വീണ്ടും ബോധം വന്നത്. അല്ല നിന്‍റെ കൂട്ടുകാരനെ പരിചയ പെടുത്തിയില്ലല്ലോ. എവിടാ ആളുടെ സ്ഥലം. അവന്‍ ആറന്മുളയിലാ വീട്. എന്താ പേര് . മനു എന്നാ. ശെരി എന്നാ ആയികോട്ടു. ഞാനും ഒന്ന് വീട്ടില്‍ കയറി തല കാണിക്കട്ടു. അല്ലേല്‍ ഇനി പിണക്കം ആകും അമ്മമാര്‍ക്ക്. ഡാ മോനാപ്പിയേ. കൊച്ചപ്പന്‍ വിളിക്കുന്നു എന്താണോ എന്തോ. ഡാ നീ ജയയുടെ കൂടെ കോഴഞ്ചേരി വരെ പോയിട്ട് വാ. എന്നാത്തിനാ. ഒരു അര എടുക്കാനാട. മം ശെരി. ജയയെ കണ്ടിട്ടി കുറെ നാള്‍ ആയി. അവനും ഇപ്പോള്‍ ടച്ച്‌ സ്ക്രീന്‍ ഉള്ള മൊബൈല്‍. നമുക്ക് മാത്രം പഴയ സോണി. പക്ഷെ ഇപ്പോലും ക്യാമറ പെര്‍ഫോമന്‍സ് അതു സോണി തന്നെ. അങ്ങനെ എങ്കിലും ആശ്വസിക്കാം. അവന്‍റെ പെണ്ണിന്‍റെ കുറെ ഫോട്ടോകള്‍ ആ മൊബൈലില്‍ ഉണ്ടാരുന്നു. ഡാ അവളെ പറ്റി ടയലോഗ് ഒന്നും പറയല്ലേ ചിലപ്പോള്‍ എനിക്ക് ദേഷ്യം വരും. ഇവന്‍ ഒരു പെങ്കോന്തന്‍ ആയോ എന്ന് ഞാന്‍ മനസ്സില്‍ കരുതി. നേരെ സിവില്‍ സപ്ലൈ. അവിടെ നല്ല തിരക്ക് ഉണ്ടാരുന്നു. ഇന്നത്തെ ദിവസം പോയി അല്ലേ ജയേ. ഇപ്പം കണ്ടോ സാദനം വരുന്നത്. അവന്‍ നേരെ ചെന്ന് അവിടെ നിന്ന ഒരാളെ സോപ്പിടുന്നതും കണ്ടു. രണ്ടു മിനുട്ട് , സാദനം റെഡി. ഹോ സമ്മതിക്കണം ഇവനെ . ചേട്ടന്‍ വണ്ടി ഓടിച്ചോ. ഇതിന്‍റെ ക്ലച്ച് പോര. ഓക്കേ ഓക്കേ. 

                                     ഞാന്‍ ഓടിച്ചു നോക്കിയപ്പോള്‍ എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല. വീട്ടില്‍ ചെന്നപ്പോള്‍ കൊച്ചപ്പന്‍ വീടിന്‍റെ വരാന്തയില്‍ ഞങ്ങളെ നോക്കി ഇരിക്കുന്നു. എല്ലാരും പോയെന്നു തോന്നണു. ആരേം കാണുന്നില്ല. നമുക്ക് വെട്ടത്ത് ഇരിക്കണ്ട. അപ്പുറത്ത് മാറി ഇരിക്കാം ജയ പറഞ്ഞു. കൊച്ചപ്പന്‍ പോകാന്‍ ഉള്ള തയ്യാറെടുപ്പായിരുന്നു. ബാഗ്‌ കൂടെ ഉണ്ട്. എന്നെ കൂട്ടി കൊച്ചപന്‍ ലോഡ്ജില്‍ പോകാന്‍ ഉള്ള പ്ലാന്‍ ആരുന്നു. അപ്പുറത്തെ മതിലില്‍ ഇരുന്നു ജയയും കൊച്ചപ്പനും കൂടെ അര അടിക്കാന്‍ തുടങ്ങി. അപ്പോളാ അമ്മിണി അമ്മ വരുന്നത്. ഡാ മോനാപ്പി നിനക്ക് ഒന്നും കഴിക്കണ്ടേ. സമയം എത്രായി എന്നാ വിചാരം. വരാം അമ്മെ. കൊച്ചപ്പനേം കൂടെ കൊണ്ടുവരാന്‍ നോക്കി നില്‍ക്കുവാ. പെട്ടെന്ന് വാ. നിങ്ങളെ കാത്തിരിക്കുവ എല്ലാരും. അത് കഴിഞ്ഞു വേണം കിടന്നു ഉറങ്ങാന്‍. നിനക്ക് ഇതൊന്നും വേണ്ടേ. ഓ എനിക്ക് അത്ര താല്പര്യം ഇല്ല അമ്മെ. ഞാന്‍ അല്പം ചമ്മലോടെ പറഞ്ഞു. പെട്ടന്നു വാ പറഞ്ഞേക്കാം. പിന്നേം ഒരു മണിക്കൂര്‍ കടന്നു പോയി. അവിടെ ഇരുന്നു കാര്യം പറഞ്ഞ്‌ ഇരുന്നു. അപ്പോളാ ബാലമ്മാവന്‍ പിള്ളേരേം കൊണ്ട് വന്നത്. പിള്ളേര്‍ രണ്ടും ഹോസ്പിറ്റലില്‍ ആരുന്നു. അമ്മാവിക്കു പനി. ബാലമ്മാവന്‍ പറഞ്ഞു നമുക്ക് വീട്ടില്‍ കിടക്കാം എന്ന്. എനിക്കും അത് ശെരിയാ എന്ന് തോന്നി. ഞാന്‍ കൊച്ചപ്പനെ വിളിച്ചു വീട്ടില്‍ ചെന്നു. അവിടെ അമ്മ ചോറ് വിളംബി. അതും കഴിച്ചു പതുക്കെ കിടക്കാന്‍ ഉള്ള ഒരുക്കം തുടങ്ങി. നല്ല ഷീണം. ദേവു, ഗോപു രണ്ടും കൂടെ  ടിവി കാണുന്നു. എന്നെ ഓര്‍മ ഉണ്ടോടി. ഉം അവള്‍ ഒന്ന് മൂളി. എന്നിട്ട് തല കൊണ്ടും കൈ കൊണ്ടും എന്തൊക്കെയോ കാണിച്ചു. കട്ടില്‍ ശെരിയാക്കി അമ്മ എന്നെ വിളിച്ചു. ആ പഴയ കട്ടില്‍ തന്നെ. ഞാന്‍ കൊച്ചുനാളില്‍ ഈ കട്ടിലില്‍ കിടന്നു ഉറങ്ങുവായിരുന്നു. ഞാന്‍ ഒരു സ്വപ്നം കണ്ടു. ഞാന്‍ പാറപ്പുറത്ത് നിന്നും വീണു എന്ന്. പെട്ടെന്ന് കണ്ണ് തുറന്നു നോക്കുമ്പോള്‍ ഇരുട്ട് മാത്രം. 

                                    ഞാന്‍ ഉറപ്പിച്ചു പാറപ്പുറത്ത് നിന്നും ഞാന്‍ വീണു എന്ന്. ഒറ്റ അലര്‍ച്ച ആയിരുന്നു ഞാന്‍ ‘’ഐയ്യോ ഞാന്‍ പാറ പുറത്തു നിന്ന് വീണേ’’ എന്നും പറഞ്ഞു. അപ്പോളാ രണ്ടു ചിരി കേള്‍ക്കുന്നത്. ചിരി പിന്നെ അട്ടഹാസം ആയി. റെനിയും, മൊട്ടയും നില്‍ക്കുന്നു. അപ്പോള്‍ സ്വപ്നം ആയിരുന്നു അല്ലെ. രണ്ടും കൂടെ എന്നെ കളിയാക്കി കൊന്നു. ശെരിക്കും ചമ്മി അന്ന്. അതിനു പ്രകാരം വീട്ടണം എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ തന്നെ എനിക്ക് അവസരം കിട്ടി. മൊട്ടയും റെനിയും കൂടെ കട്ടിളപടിയില്‍ ഇരിക്കുവായിരുന്നു കാര്യം പറഞ്ഞുകൊണ്ട്. ഞാന്‍ മുറിയില്‍ ബാലരമ വായിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോളാ പിര്‍ര്‍.......... എന്നൊരു ശബ്ദം. ആഹ എനിക്ക് കാര്യം മനസ്സില്ലായി. മൊട്ട ഗ്യാസ് വിട്ടതായിരുന്നു. എന്താടി മോട്ടേ എന്ന് ഞാന്‍ ചോദിച്ചതും അവള്‍ എഴുനേറ്റു ഒറ്റ ഓട്ടം. ആള് ശെരിക്കും ചമ്മി. ഉച്ചക്ക് കഴിച്ച ചക്കകുരു പറ്റിച്ച പണി. കിട്ടിയ അവസരം ഞാന്‍ ശെരിക്കും മുതലാക്കി. 

                   ഓടി ചെന്ന് അമ്മിണിയമ്മ., പൊടി കുഞ്ഞമ്മ, രഞ്ജിത്ത് അമ്മാവന്‍, ബാലമ്മാവന്‍, അമ്പിളി അമ്മാവി, അമ്മുമ്മ അപ്പുറത്തെ ഹരിയും ജയയും, മഞ്ചു ചേച്ചി, അഞ്ചു ചേച്ചി എന്ന് വേണ്ട കണ്ണില്‍ കണ്ടവരോട് എല്ലാം പറഞ്ഞു അവള്‍ പൊട്ടിച്ച കാര്യം. എന്നേം കുറെ കളിയാക്കിയതല്ലേ. എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അവള്‍ ഇരുന്നു കരയുന്നു. അപ്പോള്‍ ചെറിയ വിഷമം തോന്നി എനിക്ക്. എന്നാലും മനസ്സില്‍ സന്തോഷം ആയിരുന്നു, ആണ്‍ പിള്ളേരോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും ഓര്‍ത്തോ. ഞാന്‍ ഒന്ന് ഭീഷണിപ്പെടുത്താനും മറന്നില്ല. എന്ത് രസം ആയിരുന്നു അന്ന്. മോനാപ്പി കിടക്കുന്നില്ലേ. അമ്മ വിളിച്ചപ്പോളാ പെട്ടെന്ന് സ്ഥലകാലം ഓര്‍മ്മ വന്നത്. കിടക്കാന്‍ പോവ്വാ അമ്മെ. കിടന്നു ഒന്ന് കണ്ണടച്ചപ്പോള്‍ ആരോ അടുത്ത് വന്നപോലെ തോന്നി.

                              മോനെ ഉറങ്ങിയില്ലേ? അമ്മ ആയിരുന്നു. ഇല്ല അമ്മെ. അമ്മ എന്താ കിടക്കുന്നില്ലേ. ഓ എന്ത് പറയാനാ മോനെ നീ കണ്ടില്ലേ ബാലംമാവനെ. ഇപ്പോള്‍ പഴയ പോലെ ഒന്നും അല്ല. നല്ലപോലെ കുടിക്കും. ഞാനും കണ്ടു അമ്മെ. ശെരിക്കും ആള് മാറിപ്പോയി. ടെന്‍ഷന്‍ വല്ലോം കാണുമായിരിക്കും. അല്ലാതെ ഇങ്ങനെ കുടിക്കില്ലല്ലോ. രണ്ടു പെണ്പില്ലേര്‍ വളര്‍ന്നു വരുന്നു എന്ന ചിന്ത പോലും ഇല്ലല്ലോ അല്ലെ അമ്മെ. അങ്ങനെ പറഞ്ഞിരുന്നപ്പോള്‍ ബാലമ്മാവന്‍ വന്നു. അമ്മക്ക് കിടക്കാറായില്ലേ. എന്തോന്നാ ഈ പാതി രാത്രിയില്‍ കുശുകുശുക്കുന്നത്‌? അമ്മവന്‍ ഒരു പ്രമാണവും ആയിട്ടാരുന്നു വന്നത്. ദേ ശെരിക്കും കണ്ടോണം. നിങ്ങള്‍ അല്ലെ പറഞ്ഞത് ഞാന്‍ പ്രമാണം പണയം വെച്ചു എന്ന്. ഇനി അങ്ങനെ പറഞ്ഞേക്കരുത്. പ്രമാണം ഇവിടെ തന്നെ ഉണ്ട്. പിന്നേം അമ്മയും അമ്മാവനും എന്തൊക്കെയോ സംസാരിച്ചു. എനിക്ക് ചിരി വന്നു. ഒടുവില്‍ അമ്മ പോയി കിടന്നു. അമ്മാവന്‍ ഒരു ബീഡി കത്തിച്ചു. നിനക്ക് വേണോടാ? ആം ഒരെണ്ണം തന്നേര് എന്തായാലും ചോദിച്ചത് അല്ലെ ഹെഹെ. ഞാനും ഒരെണ്ണം കത്തിച്ചു വലിച്ചു. അമ്മാവന്‍റെ മനസ്സില്‍ എന്തൊക്കെയോ ഉണ്ടെന്നു മനസ്സിലായി. അമ്മ ഇടക്ക് എന്നോട് പറഞ്ഞത് എനിക്ക് ഓര്‍മ്മ വന്നു. 

                               "മോനെ അവന്‍റെ പെണ്ണും പിള്ളേടെ ചേട്ടത്തി ഒരുത്തി ഉണ്ട്. ഹോ ഇപ്പം നാലു കെട്ടി. അവള്‍ടെ ഒരു മകള്‍ ഉണ്ട്. കഴിഞ്ഞ ആഴ്ച ഇവിടെ ആയിരുന്നു താമസം. പത്തു മണി ആയാലും എണീക്കില്ല. ഞാന്‍ നോക്കുമ്പോള്‍ ഇവന്‍ ചെന്നു അവള്‍ടെ കഴുത്തിലും മുഖത്തും ഒക്കെ പിടിക്കുന്നു. ഞാന്‍ ഓടിച്ചു. നിനക്ക് പിടിക്കണേ നിന്‍റെ പെണ്ണുംപിള്ള ഉണ്ട് , അവളെ പിടിച്ചാ മതി എന്ന് ഞാന്‍ പറഞ്ഞു. ഇനി ആ മൂദേവിയെ ഈ പടിക്കകത്ത് കയറ്റില്ല.’’ അപ്പോളാ ബാലമ്മാവന്‍ വന്നത്. അത് മനസ്സില്‍ വെച്ച് ഞാന്‍ ചോദിച്ചു എന്താ അമ്മാവാ മനസ്സില്‍ ടെന്‍ഷന്‍ ഉണ്ടോ എന്ന്. ഉണ്ടെടാ നല്ല പോലെ. ജീവിതം ഒന്നേ ഒള്ളു അത് നമ്മള്‍ ടെന്‍ഷന്‍ അടിച്ചു കളയാന്‍ ഉള്ളത് അല്ല. പറ്റുമ്പോള്‍ എല്ലാം എന്‍ജോയ് ചെയ്തോണം. ആര് എന്ത് വിചാരിക്കും എന്ന് നോക്കണ്ട. നമുക്ക് കിടന്നാലോ. നാളെ രാവിലെ പാലുകാച്ചു കഴിഞ്ഞു എനിക്ക് കൊച്ചപ്പനൊപ്പം കാഞ്ഞിരപ്പള്ളി പോകണം. അപ്പോള്‍ പറഞ്ഞ പോലെ. നീ കിടന്നോ. ഇന്നാ മൂന്നു ബീഡി ഉണ്ട്. തീപെട്ടി ഇന്നാ. വേണ്ടാരുന്നു. ആ ഇരിക്കട്ട്. ഞാന്‍ ഒരു കവര്‍ എ സി ബീഡി മേടിച്ചു വെച്ചിട്ടുണ്ട് എന്ന് എങ്ങനെ അമ്മാവനോട് പറയും. അമ്മയുടെ മുറിയില്‍ അപ്പോളും വെട്ടം കണ്ടു. അമ്മ ഉറങ്ങിയില്ല. അമ്മേ ഗുഡ് നൈറ്റ്‌ എന്ന് ഞാന്‍ പറഞ്ഞു. ആ പഴമക്കാരി പാവം അമ്മ ഒന്ന് ചിരിച്ചു. ഞാന്‍ കിടന്നു. രാത്രി എപ്പോളോ അമ്മയുടെ അനക്കം വീണ്ടും കണ്ടു. പാവം കാലില്‍ തേക്കാന്‍ മുറിവെണ്ണ എടുക്കാന്‍ വന്നതായിരുന്നു. നല്ല തണുപ്പുണ്ടായിരുന്നു. ഞാന്‍ പുതച്ചു സുഗമായി കിടന്നു ഉറങ്ങി. രാവിലെ രഞ്ജിത്ത് അമ്മാവന്‍റെ ശബ്ദം. ഐയ്യോ ഏതാ ഒരു ഇരുപത്തെട്ടു പോലും കെട്ടാത്ത ഒരു കൊച്ചു കിടക്കുന്നത്. എനിക്ക് കാര്യം മനസ്സിലായില്ല. അമ്മ അപ്പോള്‍ വന്നു. എന്താ അമ്മേ കാര്യം. 

                            ഓ അത് ഒന്നും പറയണ്ട. നിന്‍റെ കൊച്ചപ്പന്‍ അവിടെ തുണി ഒന്നും ഇല്ലാതെ കിടക്കുവ.  രാവിലെ വിളിക്കണം എന്നാ പറഞ്ഞത്. ഈ കോലത്തില്‍ എങ്ങിനാ ഞാന്‍ പോയി വിളിക്കുന്നത്‌. സാരം ഇല്ല. ഞാന്‍ വിളിക്കാം അമ്മെ. അപ്പോളേക്കും രഞ്ജിത്ത് അമ്മാവന്‍ വിളിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. പിന്നേം ഞാന്‍ ചെറുതായി മയങ്ങി. അമ്മ വന്നു വിളിച്ചു. മോനെ കാപ്പി വേണോ. വേണം അമ്മെ. അപ്പോളേക്കും ബാലമ്മാവനും വന്നു. ഇന്നലത്തെ ഷീണം ആ മുഖത്ത് കാണാമായിരുന്നു. ഇന്നലെ എന്തുവായിരുന്നു. ഓ ഒന്നും പറയണ്ടടാ. അമ്മ കാപ്പി കൊടുത്തു. വീണ്ടും ചെറിയ വഴക്ക്. 
അതിനു മാത്രം ഒരു കുറവും ഇല്ല. എന്നാലും എനിക്ക് അത് ഒരു തമാശ പോലെയാ തോന്നുന്നത്. 

                    വീടിന്‍റെ പിറകില്‍ പോയി ഒരു കട്ടന്‍ ബീഡി അറഞ്ഞു. കൊച്ചപ്പന്റെ ലൈറ്റര്‍ എന്‍റെ കയ്യില്‍ ഉണ്ടാരുന്നു. പാവം. രാവിലെ തപ്പുമായിരിക്കും. കൊച്ചപ്പോ നമ്മുക്ക് പോയി വരണ്ടേ. ഹോ നേരം വെളുത്തു അല്ലെ. എടാ എന്‍റെ ലൈറ്റര്‍ നീ കണ്ടോ. ഇല്ല കൊച്ചപ്പാ. കൊടുത്താല്‍ ഞാന്‍ വലിക്കും എന്ന് കൊച്ചപ്പന്‍ അറിഞ്ഞാലോ. വേണ്ട എന്ന് കരുതി. കൊച്ചപ്പന്‍ മുണ്ട് എടുത്തു ഉടുത്തു. എടാ ഷര്‍ട്ട്‌ എവിടെ. അത് ഞാന്‍ റൂമില്‍ ഇട്ടാരുന്നു. ഷര്‍ട്ട്‌ ഞാന്‍ എടുത്തു കൊടുത്തു. കൊച്ചപ്പന്‍ പിന്നേം എന്തോ തപ്പുന്നു. എന്നാ കൊച്ചപ്പോയ്!!! ഓ എന്‍റെ നിക്കര്‍ കാണാനില്ല. എവിടെ വെച്ചിരിക്കുവായിരുന്നു. അത് ഞാന്‍ ഇട്ടിരിക്കുവായിരുന്നെടാ. ഐയ്യോ അത് പിന്നെ എങ്ങനെ പോയി. ഇനി വല്ല പട്ടിയും കൊണ്ടുപോയതായിരിക്കും. ബാലമ്മാവന്‍ വഹ തമാശ. അപ്പോളാ ചത്ത എലിയെ കൊണ്ടുവരുന്നത് പോലെ അമ്മ ഒരു ചുവന്ന നിക്കര്‍ കൊണ്ടുവരുന്നു. ഇതാണോ മോനെ. എല്ലാരും നിശബ്ദ്ദം. പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു. 

                                ഇത് അമ്മ എപ്പോള്‍ ഊരിക്കൊണ്ട് പോയി ഹഹഹ. കൊച്ചപ്പന്‍ കിടന്ന വിരിയും എല്ലാം ചുരുട്ടി കൊണ്ടുപോയപ്പോള്‍ അതില്‍ പെട്ട് പോയതാരുന്നു ആ ജട്ടി. ഉറക്കത്തില്‍ ഇത് ഊരി ക്കളയുന്ന സ്വഭാവം ഉണ്ടെന്നു . എന്തായാലും ആള് ശെരിക്കും ചമ്മി. പക്ഷെ അത് മുഖത്ത് കാണിച്ചില്ല എന്ന് മാത്രം. കൊച്ചപ്പാ നമുക്ക് പോയി റെഡി ആയി വരാം വാ. നീ വണ്ടി എടുക്കടാ. ഞാന്‍ കൊച്ചപ്പന്‍ കൂട്ടി നേരെ കോഴഞ്ചേരിയില്‍ പോയി. കോളജിനു പുറകില്‍ ഉള്ള ഒരു ലോഡ്ജ് ആയിരുന്നു. ഇപ്പോള്‍ സ്ഥിരം പണി അവിടെ തന്നെ ആയതുകൊണ്ടും, ഒരുപാട് നേരം ബൈക്കില്‍ യാത്ര വയ്യാത്തത് കൊണ്ടും എടുത്തതാ ഈ ലോഡ്ജ് . കൊള്ളം നല്ല സൌകര്യം ഒക്കെ ഉണ്ട്. ഞാന്‍ ജനലുകള്‍ ഒക്കെ തുറന്നു. എടാ ഞാന്‍ ഒന്ന് ബാത്രൂമില്‍ പോയി വരാം. അതോ നിനക്ക് പോകണോ. വേണ്ട കൊച്ചപ്പന്‍ പോയി വാ. ഞാന്‍ വെളിയില്‍ ഇറങ്ങി നിന്നു. നല്ല തണുപ്പ്. മുകളിലെ റോഡില്‍ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നു. അടുത്ത് വരുംതോറും അവള്‍ കൂടുതല്‍ സുന്ദരി ആയിക്കൊണ്ടിരുന്നു. എനിക്ക് അവളെ ഇഷ്ടം ആയി. ഇങ്ങനെ ഒരു കുട്ടി എന്‍റെ ജീവിതത്തിലും വരനെ ഭഗവാനെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. 

                              കൊച്ചപ്പന്‍ വരുന്നതിനു മുന്‍പ് ഞാന്‍ അപ്പുറത്ത് മാറി നിന്ന് ഒരു ബീഡി കൂടെ കത്തിച്ചു. കൊച്ചപ്പന്‍ വന്നു. ഞാന്‍ മൊബൈലില്‍ അനുരാഗിണി എന്ന പാട്ട് വെച്ചു. കൊച്ചപ്പനു ഇഷ്ടം ആക്കും എന്ന് അരിയാമായിരുന്നു. കൊച്ചപ്പന്‍ തന്‍റെ പറ പറ എന്നുള്ള ശബ്ദ്ദത്തില്‍ കൂടെ പാടുവാന്‍ തുടങ്ങി.ഞാന്‍ പെട്ടെന്ന് കുളിച്ചിറങ്ങി. കൊച്ചപ്പാ പെട്ടെന്ന് കുളിക്ക്. നമുക്ക് പോകണ്ടേ. അപ്പോളാ രഞ്ജിത്ത് അമ്മാവന്‍ വിളിക്കുന്നത്. എവിടാ പെട്ടെന്ന് വാ. വരുവാടാ. നീ കിടന്നു മരിക്കാതെ. കൊച്ചപ്പന്‍ ചുടായി. അമ്മവാന്‍ ഫോണ വെച്ചു. പെട്ടെന്ന് കുളിച്ചു വന്നു. ഞങ്ങള്‍ ബൈക്കില്‍ കയറി. 

                    നീ അല്‍പ്പം സ്പീഡില്‍ വിട്ടോ. വണ്ടി ഒരു അറുപതു ആയിക്കാണും. ആക്സിലേറ്റര്‍ ഫുള്‍ ആരുന്നു. പിന്നേം പറയുവാ ഡാ കുറച്ചുകൂടെ സ്പീഡില്‍ വിട്. വീട്ടില്‍ ചെന്നപ്പോള്‍ എല്ലാരും കാത്തു നില്‍ക്കുവായിരുന്നു. കൊച്ചപ്പന്‍ ചെന്നാലേ പാലുകാച്ചാന്‍ കഴിയു എന്ന് അപ്പോളാ മനസിലായത്. കാരണം മൂത്താശാരി കൊച്ചപ്പന്‍ ആയിരുന്നു. എല്ലാവരും വിളക്ക് കത്തിച്ചു വീട്ടില്‍ കയറി. ഞാന്‍ എല്ലാ മുറികളും കയറി കണ്ടു. കൊച്ചു വീടാ എങ്കിലും ഭംഗി ഉള്ളതായിരുന്നു. ഒരു പെങ്കൊച്ചു കിടന്നു കറങ്ങുന്നു. ഏതാ എന്ന് മനസ്സിലാകുനില്ല. നേരത്തെ കണ്ടിട്ടും ഇല്ല. ഒന്ന് ട്യുണ് ചെയ്താലോ എന്ന് ആലോചിച്ചു. എല്ലാരും വരുന്നതേ ഒള്ളു. രാവിലെ ആയതുകൊണ്ട് ആരും എത്തിയില്ല. കൊച്ചപ്പന്‍ പോകണം എന്ന് പറഞ്ഞു ബഹളം കൂട്ടുന്നു. എന്നാ പോയേക്കാം എന്ന് ഞാനും കരുതി. എന്നാലും മനസ്സില്‍ ഒരു വിഷമം. നമ്മുടെ പിള്ളേര്‍ വരുമ്പോള്‍ ഒന്ന് കാണാന്‍ പറ്റില്ലല്ലോ എന്ന്. 

                             ഒരുപാട് നാള്‍ ആയി പല കൊച്ചുങ്ങളേം കണ്ടിട്ട്. ഇപ്പം എന്നാ കോലം ആയി എന്ന് അറിയില്ലാലോ. ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.കൊച്ചപ്പനും കയറി. ഞങ്ങള്‍ റാന്നി റുട്ടില്‍ തിരിഞ്ഞു. മേക്കോഴൂര്‍ ആയപ്പോളേക്കും കൊച്ചപ്പനു ദാഹം എന്ന് പറഞ്ഞു. അവിടെ ജങ്ക്ഷനില്‍ ഞാന്‍ വണ്ടി നിര്‍ത്തി. ഒരു കടയില്‍ കയറി . രണ്ടു സോഡാ അടിച്ചു വീണ്ടും യാത്ര തുടര്‍ന്നു. ഡാ തലക്ക് ഒരു മന്ദത. ഒരെണ്ണം അടിച്ചാലെ ശെരിയാകു. റാന്നിയില്‍ ബാര്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞു. റാന്നി ആയി. നേരെ മഹാറാണിയില്‍ കയറി. നീയും വാടാ. ഒരു ബിയര്‍ അടിക്കാം. വേണ്ട രാവിലെ വെറും വയറ്റില്‍ ശെരിയാകില്ല. സാരമില്ലടാ ആഹാരം കൂടെ കഴിക്കാം. ഞാനും കയറി ഒരു ബീയര്‍ അടിച്ചു. ഒന്നും കഴിച്ചില്ല. കാരണം എരുമേലിയില്‍ ഒരു നല്ല ഷാപ്പുണ്ടായിരുന്നു. അതായിരുന്നു എന്തെ മനസ്സില്‍. അങ്ങനെ വീണ്ടും യാത്ര തുടര്‍ന്നു. മന്ദമരുതി ആകാറായപ്പോള്‍ ഒരു പെട്രോള്‍ പമ്പില്‍ കയറി 300 രൂപയ്ക്കു പെട്രോള്‍ അടിച്ചു. ഇപ്പോള്‍ വണ്ടിക്കും ഒരു സന്തോഷം ആയി. എരുമേലി ആയപ്പോള്‍ ഷാപ്പ്‌ കണ്ടു. കൊച്ചപ്പോയ് കയറിയാലോ. നീ കയറിക്കോടാ. കഴിക്കാന്‍ എന്താ ഉള്ളത്. ഒരു വെല്യ ലിസ്റ്റ് അയ്യാള്‍ പറഞ്ഞു. എനിക്ക് അപ്പം മതി എന്ന് ഞാന്‍ പറഞ്ഞു. കൂടെ പന്നി ഫ്രൈ . രണ്ടു പേര്‍ക്കും അപ്പോം പന്നിം വന്നു. കൂടെ ഒരു കുപ്പി നല്ല പനം കള്ളും. ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം ആയി. ഷീണം ഒക്കെ മാറി. വീണ്ടും വണ്ടി എടുത്തു യാത്ര തുടര്‍ന്നു. എരുമേലിയില്‍ നിന്നും ഇടത്ത് തിരിഞ്ഞു. 

                               കൊച്ചപ്പനു സംശയം. ഇങ്ങോട്ട് തന്നെ ആണോടാ. അതെ. നല്ല റോഡ്‌ ആയിരുന്നു. കള്ളും കൂടെ ആയപ്പോള്‍ എനിക്ക് ഒരല്‍പം സ്പീഡ് കൂടിയോ എന്ന് സംശയം. കൊച്ചപ്പനും അത് ഫീല്‍ ചെയ്തു. ഡാ സമയം ഇഷ്ടംപോലെ ഒണ്ട്. പതിക്കെ പോയാല്‍ മതി. ഞാന്‍ സ്പീഡ് കുറച്ചു. കാഞ്ഞിരപ്പള്ളി ആയി. ഇവിടെ നിന്നും എങ്ങോട്ടാ കൊച്ചപ്പാ. വഴി വല്ലോം അറിയാമോ. വലതു തിരിയെടാ. ഇവിടെ അടുത്ത് തന്നെ ആണ്. വലതു തിരിച്ചു. കൊച്ചപ്പന്‍ ഫോണ എടുത്തു പെങ്ങളെ വിളിച്ചു  നിശ്ചയം നടക്കുന്ന സ്ഥലം മനസിലാക്കി. ഡാ ഒരു മൂന്നു കിലോമീറ്റെര്‍ ഉണ്ട്. ഇടതു ഭാഗത്ത്‌ ഒരു സ്കുള്‍ ഉണ്ട്. അവിടെ വെച്ചാ. ഞാന്‍ പതുക്കെ സ്കുള്‍ നോക്കി വണ്ടി വിട്ടു. ഒരു കല്യാണം. വണ്ടി നിര്‍ത്തി. കൊച്ചപ്പന്‍ തിരക്കാന്‍ ഇറങ്ങി. ചെറിയ ഒരു ആട്ടം ഉണ്ടോ എന്ന് ഞാന്‍ സംശയിച്ചു. കൊളമാകുമോ!!! തിരിച്ചു വന്നു വണ്ടിയില്‍ കയറി. അവിടെ നിന്നും അല്പം മുന്‍പില്‍ ഒരു സ്കുള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെ എത്തി. പാചകക്കാരും അഞ്ചോ ആറോ ബന്ധുക്കളും മാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളു. ഞാന്‍ വണ്ടി സ്കുളിലേക്ക് കയറ്റി












(ഞാന്‍  ഒരിക്കലും വിചാരിക്കാത്ത ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ സംഭവം അവിടെ എന്നെ കാത്തു ഇരിപ്പുണ്ടായിരുന്നു. ഇതാ പറയുന്നത് കോഇന്‍സിടന്‍സ് എന്നൊക്കെ. അത് അടുത്ത ഭാഗം. അഭിപ്രായം പ്രതീക്ഷിക്കുന്നു)

2 comments:

ഉദയപ്രഭന്‍ said...

കഥ നന്നായിട്ടുണ്ട്. പാരഗ്രാഫ്‌ തിരിച്ചു എഴുതിയാല്‍ വായന എളുപ്പമാവും.

Anonymous said...

ഉദയപ്രഭു ഞാന്‍ തെറ്റു തിരുത്തി